About Me

My photo
Kollam, Kerala, India
I am living in a beautiful Village, Nedumpana in Kollam District. I spend my college days at Sree Narayana Polytechnic College, Kottiyam and Younus College of Engineering and Technology, Kollam. My working experience started at Kerala State Electricity Board as a Provisional Sub Engineer in the Office of Deputy Chief Engineer, Kollam and after that at TCMS, Kollam(Trouble Call Management System, A wing of KSEB for fault rectification). Finally at Reliance Infratel Ltd. Now I am doing my own business at Kannanalloor.

യു.എസ്സ്. പാര്‍ലമെന്റ് നെറ്റില്‍ കുടുങ്ങുന്നു

ഇന്റര്‍നെറ്റ് പതിവായി ഉപയോഗിക്കുന്നവര്‍ക്ക് കുടിവെള്ളം പോലെ പരിചിതമാണ് ഗൂഗിളും വിക്കിപീഡിയയും. ജനവരി 18-ന് ഈ രണ്ട് സൈറ്റുകളും സന്ദര്‍ശിച്ച ജനകോടികളില്‍ പലരും അന്നേവരെ കേട്ടിട്ടില്ലാത്ത ഒരു വാക്ക് തങ്ങളുടെ ഇഷ്ടസൈറ്റുകളുടെ കഴുത്തിന് നേരെ വാളോങ്ങി നില്‍ക്കുന്ന വിവരം അറിഞ്ഞ് നടുങ്ങി. സോപ, അതാണാ വാക്ക്.

സ്റ്റോപ് ഓണ്‍ലൈന്‍ പൈരസി ആക്ട് (Stop Online Piracy Act) എസ്.ഒ.പി.എ. അഥവാ സോപ. ഒരു നിയമത്തിന്റെ പേരാണിത്, നിയമമായിട്ടില്ല എന്നു മാത്രം, ബില്‍ രൂപത്തില്‍ അമേരിക്കയിലെ കോണ്‍ഗ്രസ്സുകാര്‍ (യു.എസ്സ്.ജനപ്രതിനിധികള്‍) ചര്‍ച്ച തുടങ്ങിയിട്ടേ ഉള്ളു. 18-ന് വിക്കിപീഡിയയുടെ വെളുത്ത പ്രസാദാത്മകമായ പതിവ് പേജിന് പകരം കറുത്ത പേജാണ് സന്ദര്‍ശകരെ എതിരേറ്റത്. 'സ്വതന്ത്ര വിജ്ഞാനം ഇല്ലാത്ത ലോകമൊന്ന് സങ്കല്‍പിച്ചുനോക്കു' കറുത്ത പേജിലെ വെളുത്ത അക്ഷരങ്ങള്‍ പറഞ്ഞു.

'മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ വിജ്ഞാനകോശം സൃഷ്ടിക്കാന്‍ ഞങ്ങള്‍ കോടിക്കണക്കിന് മണിക്കൂറുകള്‍ ചിലവിട്ടിട്ടുണ്ട്. ഇപ്പോള്‍ യു.എസ്സ്.കോണ്‍ഗ്രസ്സ് സ്വതന്ത്രവും തുറന്നതുമായ ഇന്റര്‍നെറ്റിന് മാരകമായി നാശം വരുത്തുന്ന നിയമനിര്‍മാണം നടത്തുന്നതിനെ പറ്റി ആലോചിക്കുകയാണ്. അവബോധം വളര്‍ത്താന്‍ വേണ്ടി ഞങ്ങള്‍ 24 മണിക്കൂര്‍ വിക്കിപീഡിയ ബ്ലാക്കൗട്ട് ചെയ്യുകയാണ്' എന്ന് മാത്രമാണ് പേജ് പറഞ്ഞത്. കൂടുതല്‍ അറിയേണ്ടവര്‍ക്ക് ക്ലിക്ക് ചെയ്താല്‍ നിയമത്തിന്റെ പൂര്‍ണരൂപവും അത് നെറ്റിന് മേല്‍ ഉയര്‍ത്തുന്ന ഭീഷണികളും വായിച്ചറിയാം.

മൊസില്ല, ഗൂഗിള്‍, ഫേസ്ബുക്ക്, റെഡ്ഡിറ്റ് എന്നിവരും ഇതേ രീതിയില്‍ തന്നെ അന്ന് സന്ദര്‍ശകരെ എതിരേറ്റത്. എല്ലാ സൈറ്റുകളുടെയും വിവരണങ്ങള്‍ക്കടിയില്‍ ഇങ്ങനെയും ഒരു വാചകമുണ്ടായിരുന്നു: 'കോണ്‍ഗ്രസ്സിനോട് പറയു: ദയവായി വെബ് സെന്‍സര്‍ ചെയ്യരുത്'. ആ വാചകം വായനക്കാരെ അവര്‍ക്ക് ഒപ്പിടാനുള്ള ഒരു പെറ്റീഷനിലേക്കാണ് നയിക്കുക. തങ്ങളുടെ നിയോജകമണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ്സ് അംഗങ്ങളെ പറ്റി കൂടുതല്‍ പഠിക്കണമെന്നും പലരും സന്ദര്‍ശകരെ നിര്‍ദേശിച്ചു.

അന്നേ ദിവസം അമേരിക്കകത്തു നിന്നും പുറത്തുനിന്നുമായി ദശലക്ഷങ്ങളാണ് പെറ്റീഷനില്‍ ഒപ്പിട്ടത്. അതിലുമേറെപ്പേര്‍ ഫോണിലൂടെ തങ്ങളുടെ കോണ്‍ഗ്രസ്സ് അംഗങ്ങളെ വിളിക്കാനും അവര്‍ക്ക് മെയിലയക്കാനും ശ്രമിച്ചു.

നിങ്ങള്‍ നോ എന്നു പറഞ്ഞു. നിങ്ങള്‍ കോണ്‍ഗ്രസ്സിന്റെ സ്വിച്ച്‌ബോഡുകള്‍ അടപ്പിച്ചു, അവരുടെ സെര്‍വറുകളെ ഉരുക്കി. ലോകമെമ്പാടും സോഷ്യല്‍ മീഡിയയിലും വാര്‍ത്തകളിലും നിങ്ങള്‍ നിറഞ്ഞുനിന്നു. സ്വതന്ത്രവും മറയില്ലാത്തതുമായ ഇന്റര്‍നെറ്റിന്റെ രക്ഷക്കായി ദശലക്ഷക്കണക്കിന് മനുഷ്യര്‍ സംസാരിച്ചിരിക്കുന്നു, വിക്കിപീഡിയയുടെ ജിമ്മി വേല്‍സ് പെറ്റീഷനില്‍ ഒപ്പിട്ട 16.2 കോടി മനുഷ്യര്‍ക്ക് കൃതജ്ഞത പ്രകടിപ്പിച്ചുകൊണ്ട് എഴുതി.
യു.എസ്സ് സെനറ്റിലെ അംഗങ്ങളുടെ ശരാശരി പ്രായം മധ്യവയസ്സിനും വളരെ മുകളിലാണ് -ആകെയുള്ള 100 അംഗങ്ങളില്‍ 90 പേരും 50 കടന്നവരാണ് 25 ശതമാനത്തിനും പ്രായം 70-നു മേലെയും. മിക്കവര്‍ക്കും പൊതുവായുള്ള ഗുണം കമ്പ്യൂട്ടറും ഇന്റര്‍നെറ്റുമായി വലിയ ബന്ധമില്ല എന്നതു തന്നെ (കഴിഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഒബാമയോട് മത്സരിച്ച ജോണ്‍ മക്കൈന്‍ ഇ-മേയ്ല്‍ വായിക്കാന്‍ ഭാര്യയുടെ സഹായം തേടുന്ന ടൈപ്പായിരുന്നു). കമ്പ്യൂട്ടര്‍ നിത്യോപയോഗ വസ്തുവായി കരുതുന്ന യുവതലമുറയെ 'നേഡുകള്‍(nerds)' എന്നാണവര്‍ കളിയാക്കുക.

ഇന്റര്‍നെറ്റിനെ പറ്റി ഒരു നിയമം ഇവരൊക്കെ തയ്യാറാക്കാന്‍ മിനക്കെട്ടത് തന്നെ നാട്ടിലെ ഏറ്റവും മാംസപേശിയുള്ള ഒരു ലോബി, അതായത് മാധ്യമ വ്യവസായം, ഈ നിയമം വേണമെന്നവരെ നിര്‍ബന്ധിച്ചത് കൊണ്ട് മാത്രവും. ടൈം-വാണര്‍, കമ്പനി പോലെ പത്രം, മാഗസിന്‍, ടിവി, സിനിമ, റേഡിയോ, വെബ്, മ്യൂസിക്ക് എന്നിങ്ങനെ പല മാധ്യമവിഭാഗങ്ങളിലായി ശതകോടി ഡോളറുകളുടെ ബിസിനസ്സ് നടത്തുന്നവരാണ് പലരും. എല്ലാവരും തങ്ങളുടെ എല്ലാ നഷ്ടങ്ങള്‍ക്കും മുഖ്യകാരണമായി കാണുന്നത് ഒറ്റൊന്നാണ്: പൈരസി, അഥവാ ബൗദ്ധിക സ്വത്ത് ചോരണം.

ആയിരക്കണക്കിന് മുതലാളിമാരും ലക്ഷക്കണക്കിന് തൊഴിലാളികളുമുള്ള ഈ വ്യവസായ മേഖലയില്‍ നിന്ന് 135 ബില്യണ്‍ ഡോളറിന്റെ മോഷണമാണത്രെ പൈരറ്റുകള്‍ നടത്തുന്നത്. കാര്യം നേരായിരിക്കണം, പത്തോ അമ്പതോ കോടി ഡോളര്‍ മുടക്കി ഹോളിവുഡിലെ ഒരു പ്രൊഡ്യൂസര്‍ നിര്‍മിക്കുന്ന ചിത്രം റിലീസ് ചെയ്തതിന്റെ പിറ്റേന്ന് ചില്ലറക്കാശിന് ഡൗണ്‍ലോഡ് ചെയ്ത് നല്‍കുന്ന വിജ്ഞാന കടല്‍ക്കൊള്ളക്കാരുടെ എത്രയോ സൈറ്റുകള്‍ വെബ്ബിലുണ്ട്. സിനിമകള്‍ മാത്രമല്ല, പുസ്തകങ്ങളും സംഗീതവും സോഫ്റ്റ്-വേറുകളും വരെ ഇങ്ങനെ പരസ്യമായി, ആദായവിലയ്ക്ക് നെറ്റില്‍ വാങ്ങാന്‍ കിട്ടും. ഇവയൊക്കെ യഥാര്‍ത്ഥ ഉത്പാദകരോട് ചെയ്യുന്ന ദ്രോഹം ചില്ലറയുമല്ല. വ്യാജ ഉത്പന്നങ്ങളുടെ ഓണ്‍ലൈന്‍ വ്യാപാരമാണ് വെബ്ബില്‍ കൊഴുക്കുന്ന മറ്റൊരു അധോലോക വ്യവസായം.

കാര്യം നിസ്സാരമല്ല, ഒന്നോ രണ്ടോ മുതലാളിമാരുടെ മാത്രം പ്രശ്‌നവുമല്ല. പ്രശ്‌നത്തിന്റെ ഗൗരവം അറിഞ്ഞുകൊണ്ട് തന്നയാണ് 12 വര്‍ഷം മുമ്പ് ഡിജിറ്റല്‍ മില്ലേനിയം കോപിറൈറ്റ് ആക്ട് (ഡി.എം.സി.എ.) എന്ന നിയമം യു.എസ്സ്. കോണ്‍ഗ്രസ്സ് ഏകകണ്ഠമായി പാസ്സാക്കിയത്. പകര്‍പ്പവകാശമുള്ള സാങ്കേതികവിദ്യ, സാമഗ്രികള്‍, സേവനം എന്നിവയുടെ നിയമവിരുദ്ധമായ ഉത്പാദനം വിതരണം എന്നിവയെ ശിക്ഷാര്‍ഹമായ കുറ്റങ്ങളാക്കി മാറ്റുന്ന ഈ നിയമം ഫലത്തില്‍ വിജ്ഞാനക്കൊള്ളയ്ക്ക് കാര്യമായി തടയിട്ടില്ല. കാരണം ഈ നിയമങ്ങള്‍ അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന ഇന്റര്‍നെറ്റ് സൈറ്റുകളുടെ മേല്‍ മാത്രമേ നടപ്പാക്കാന്‍ കഴിയു. സ്വീഡനിലോ റഷ്യയിലോ ബീജിങ്ങിലോ സേര്‍വറുള്ള ഒരു പൈരറ്റിനെ ഡി.എം.സി.എ.യ്ക്ക് ഒരു ചുക്കും ചെയ്യാന്‍ കഴിയില്ല.

ഈ പ്രശ്‌നങ്ങള്‍ക്കെ ശാശ്വതപരിഹാരമായിട്ടാണ് യു.എസ്സ്. കോണ്‍ഗ്രസ്സിന്റെ രണ്ട് സഭകളായ പ്രതിനിധി സഭയിലും സെനറ്റിലും രാഷ്ട്രീയത്തിന്റെ രണ്ട് പക്ഷത്തുനിന്നുമുള്ള ഓരോ അംഗങ്ങള്‍ -സെനറ്റില്‍ ഒരു റിപ്പബ്ലിക്കനും പ്രതിനിധിസഭയില്‍ ഒരു ഡെമോക്രാറ്റും- ഓരോ ബില്ലുകള്‍ തയ്യാറാക്കിയത്. ഇതില്‍ ആദ്യത്തെ ബില്‍ പിപ (പ്രൊട്ടക്ട് ഇന്റലക്ച്വല്‍ പ്രോപ്പര്‍ടി ആക്ട് -Protect Intellectual Property Act-- അഥവാ പി.ഐ.പി.എ.) 2010-ല്‍ തന്നെ വലിയ കോലാഹലങ്ങളുണ്ടാക്കാതെ സഭയില്‍ വന്നുപോയി. രണ്ടാമത്തെ ബില്ലും കോണ്‍ഗ്രസ്സില്‍ പുഷ്പം പോലെ പാസ്സായി നിയമമാകുമെന്നാണ് ഈ ബില്‍ രംഗത്തുവന്ന കഴിഞ്ഞ നവമ്പറില്‍ എല്ലാവരും കരുതിയത്.

പക്ഷേ രാഷ്ട്രീയക്കാര്‍ വെറും 'നേഡുകള്‍' എന്ന് കളിയാക്കി തള്ളുന്ന ഡിജിറ്റല്‍ തലമുറ അത്ര നിസ്സാരമല്ലെന്ന് പെട്ടന്നെല്ലാവര്‍ക്കും മനസ്സിലായി. നേഡുകളിലെ ബുദ്ധിയുള്ളവര്‍ ബില്ലിന്റെ 54 പേജും കഷ്ടപ്പെട്ട് വായിച്ചപ്പോഴാണ് കുറ്റം തടയാനെന്ന പേരില്‍ യു.എസ്സ്. ഗവണ്മന്റ് നിയമമാക്കാന്‍ പോകുന്നത് അതിലും വലിയ കുറ്റമാണെന്ന് പലര്‍ക്കും മനസ്സിലായിത്തുടങ്ങിയത്. അമേരിക്കന്‍ മാധ്യമവ്യവസായത്തെ, കൃത്യമായി പറഞ്ഞാല്‍ ഹോളിവുഡ്ഡിനെ, സംരക്ഷിക്കാന്‍ കൗബോയ് സിനിമകളില്‍ മാത്രം പ്രതീക്ഷിക്കാവുന്ന അധികാരങ്ങളാണ് സോപ യു.എസ്സ്. സര്‍ക്കാരിനു നല്‍കുന്നത്. അല്‍പകാലം മുമ്പെ ചൈനീസ് ഗവണ്മന്റ് ഗൂഗിളിനോട് അന്വേഷണഫലങ്ങള്‍ സെന്‍സര്‍ ചെയ്തു മാത്രമേ നെറ്റ് ഉപയോഗിക്കുന്നവര്‍ക്ക് നല്‍കാന്‍ പാടുള്ളു എന്നു പറഞ്ഞപ്പോള്‍ ചൈന 'ഫ്രീ സ്പീച്ചിന്' കൂച്ചുവിലങ്ങിടുന്നു എന്ന് ആരോപിച്ചവര്‍ ഇപ്പോള്‍ ഗൂഗിളിനെ തന്നെ ബ്ലാക്കൗട്ട് ചെയ്യാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന നിയമമാണ് സൃഷ്ടിക്കുന്നത്.

അമേരിക്കയ്ക്ക് വെളിയിലുള്ള സെര്‍വറുകളെ ഉപയോഗിച്ചുള്ള വ്യാപാരം തടയാനാണ് ഇത്തവണത്തെ ബില്‍ ശ്രമിക്കുന്നത്. പുതിയ നിയമം അമേരിക്കയ്ക്ക് വെളിയിലുള്ള പൈരറ്റുകളുടെ പ്രാണവായു കട്ട് ചെയ്യാനുള്ള നിഷ്ഠൂര വകുപ്പുകള്‍ നിറഞ്ഞതാണ്. പൈരറ്റ് ആണെന്ന് ഏതെങ്കിലും അമേരിക്കന്‍ കമ്പനി ആരോപിക്കുന്ന സൈറ്റുമായി പേപാല്‍, മാസ്റ്റര്‍കാര്‍ഡ് തുടങ്ങിയവര്‍ പണമിടപാട് നടത്തരുത്, നടത്തിയാല്‍ അവരും കുറ്റവാളികള്‍. സേര്‍ച്ച് എഞ്ചിനുകള്‍ പൈരറ്റുകളുടെ ലിങ്കുകള്‍ അന്വേഷണഫലം കാട്ടുന്ന പേജുകളിലൊരിടത്തും കാട്ടരുത്, കാണിച്ചാല്‍ ഗൂഗിളിന്റെയും യാഹുവിന്റെയും കാര്യം ഗോപി. എന്തിനേറെ പറയുന്നു, തങ്ങള്‍ ഇന്റര്‍നെറ്റ് പ്രേക്ഷകര്‍ക്ക് നല്‍കുന്ന ഇന്റര്‍നെറ്റ് ബന്ധത്തിലൂടെ ഉപയോക്താവിന് ഏതെങ്കിലും പൈരറ്റിന്റെ സൈറ്റില്‍ എത്തിപ്പെടാന്‍ പറ്റിയാല്‍ സര്‍വീസ് പ്രൊവൈഡറായ ടെലികോം കമ്പനിയും അഴിയെണ്ണും. ഇതിനെയൊക്കെ സെന്‍സര്‍ഷിപ്പെന്നാണ് വിളിക്കുക, ഒരു ഗൂഗിള്‍ എക്‌സിക്യുട്ടീവ് പറഞ്ഞു.

ഇതിനേക്കാളൊക്കെ വലിയ പ്രശ്‌നം കോപിറൈറ്റ് ലംഘനം നടന്നതായി കോപ്പിറൈറ്റ് ഉടമയുടെ വെറും പരാതിയുടെ അടിസ്ഥാനത്തില്‍ ഇതൊക്കെ ചെയ്യുകയുമാവാംഎന്നതുതന്നെ. ചുരുക്കി പറഞ്ഞാല്‍ സിനിമയിലെ രംഗങ്ങളുടെ സ്റ്റില്ലുകള്‍ കൊടുക്കുന്നതു പോലും കുറ്റാരോപണത്തിന് മതിയായ തെളിവുമാണ്.

പഴയ ഡി.എം.സി.എ. പൈരറ്റുകളെ മാത്രമാണ് ലക്ഷ്യമിട്ടിരുന്നത്. നെറ്റ് ഉപയോഗിക്കുന്ന ഉപയോക്താവ് ഫയലുകള്‍ അപ്-ലോഡ് ചെയ്യുന്ന യൂട്യൂബ് പോലുള്ള സൈറ്റുകളെ നിയമം ആക്രമിച്ചിരുന്നില്ല. പകര്‍പ്പവകാശമുള്ള ചലച്ചിത്ര ദൃശ്യമോ സംഗീതമോ ആരെങ്കിലും അപ്-ലോഡ് ചെയ്തതായി കണ്ടാല്‍ കോപ്പിറൈറ്റ് ഉടമയ്ക്ക് സൈറ്റിനോട് പരാതിപ്പെടാം. അവര്‍ ഫയല്‍ അപ്-ലോഡ് ചെയ്ത ഉപയോക്താവിനെ വിവരമറിയിച്ച ശേഷം നിശ്ചിത സമയത്തിനുള്ളില്‍ ഫയല്‍ സൈറ്റില്‍ നിന്ന് നീക്കിയാല്‍ മതി. അപ്-ലോഡ് ചെയ്ത മനുഷ്യന്‍ താന്‍ ഉപയോഗിച്ചത് പകര്‍പ്പവകാശമുള്ള വസ്തുവല്ലെന്ന് വേണമെങ്കില്‍ കോടതില്‍ തെളിയിക്കുകയുമാവാം.

'ബില്ലിന്റെ പ്രഖ്യാപിതലക്ഷ്യങ്ങളെ ഞങ്ങളും അനുകൂലിക്കുന്നു. നിര്‍ഭാഗ്യവശാല്‍, തയ്യാറാക്കപ്പെട്ട രൂപത്തിലുള്ള ബില്‍, നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന യു.എസ്സ്. ഇന്റര്‍നെറ്റ്, ടെക്‌നോളജി കമ്പനികളെ വെബ്ബുകള്‍ നിരീക്ഷിക്കുക എന്ന അനിശ്ചിതമായ ബാധ്യത യ്ക്കും ശാസനത്തിനുും മുന്നില്‍ തുറന്നിടും', ഗൂഗിളും ഫേയ്‌സ്ബുക്കും പോലുള്ള ടെക്‌നോളജി വമ്പന്മാര്‍ നവമ്പറില്‍ത്തന്നെ കോണ്‍ഗ്രസ്സിനു സമര്‍പ്പിച്ച നിവേദനത്തില്‍ പറഞ്ഞു.

എന്നാല്‍ 'നേഡുകളുടെ' ഇത്തരം വാദങ്ങളൊന്നും പരിഗണിക്കാതെ മുന്നോട്ടുപോകുന്ന മട്ടിലായിരുന്നു രാഷ്ട്രീയക്കാര്‍; 'അവന്മാര്‍ക്കൊക്കെ പ്രായോഗി രാഷ്ട്രീയത്തെ പറ്റി എന്തറിയാം' എന്ന മട്ടില്‍. പക്ഷേ ജനവരി 18 -ന് നെറ്റ് വഴി ലഭിച്ച നിവേദനങ്ങളുടെ എണ്ണവും ടെലിഫോണ്‍ സ്വിച്ച്‌ബോഡിലെ ട്രാഫിക്ക് ജാമും കണ്ടപ്പോള്‍ നേഡുകള്‍ നിസ്സാരന്മാരല്ല എന്ന് ജനപ്രതിനിധികള്‍ക്ക് തിരിഞ്ഞു. ബില്ലിന്റെ അവതാരകനായ ടെക്‌സാസില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ അംഗം തീയില്‍ ചവിട്ടിയതു പോലെ പിറകോട്ടു ചാടി. ബില്ലിലെ വിവാദപരമായ വകുപ്പുകള്‍ മാറ്റാതെ അത് ലഭയില്‍ അവതരിപ്പിക്കില്ല, അദ്ദേഹം ആണയിട്ടു.

രാഷ്ട്രീയത്തിന്റെ ഇരുപക്ഷത്തുമുള്ളവര്‍ സോപയിലെ സെന്‍സര്‍ഷിപ്പിന് സമമായ വ്യവസ്ഥകള്‍ക്കെതിരെ മുന്നോട്ടുവരാന്‍ തുടങ്ങിയിട്ടുണ്ട' ഹോളിവുഡ് വേഴ്‌സസ് സിലിക്കണ്‍ വാലി' എന്ന് അമേരിക്കക്കാര്‍ കളിയാക്കുന്ന ഈ യുദ്ധത്തില്‍ എല്ലാവരും ചേര്‍ന്ന് വില്ലന്‍ സോപയെ തോല്‍പ്പിച്ചു. ഇതിന്റെ അര്‍ത്ഥം ഇനി ഇന്റര്‍നെറ്റില്‍ സമ്പൂര്‍ണ സ്വാതന്ത്ര്യമായിരിക്കും എന്നല്ല. ഇന്റര്‍നെറ്റിന്റെ സ്വാതന്ത്ര്യത്തിന് ചങ്ങലയിടാന്‍ പലര്‍ക്കുമുള്ള കൊതി ഇവിടെ അടങ്ങില്ല. സോപ യുദ്ധത്തില്‍ ശക്തമായി പങ്കെടുത്ത ബോയിംഗ്‌ബോയിംഗ് എന്ന സൈറ്റിന്റെ എഴുത്തുകാരനായ കോറി ഡോക്ടറോവ് പറഞ്ഞതുപോലെ 'കോപ്പിറൈറ്റിനെ ചോല്ലിയല്ല യുദ്ധം. കോപ്പിറൈറ്റ് യുദ്ധങ്ങള്‍ കമ്പ്യൂട്ടേഷന്‍ മേഖലയില്‍ വരാനിരിക്കുന്ന നീണ്ട യുദ്ധങ്ങളുടെ ബീറ്റ വേര്‍ഷന്‍ മാത്രമാണ്.'

Courtesy:  http://www.mathrubhumi.com

Blog Archive

Bollywood on HindiSong.com! News: India's premier entertainment portal

Awaaz Anjane Podcast

Up Dates